ഒറ്റനോട്ടത്തിൽ
ഒരുകാലത്ത് ജന്മിത്തവും ഭൂവുടമസമ്പ്രദായവും തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും കൊടികുത്തി വാണിരുന്ന നാടാണ് അതിയന്നൂര്‍ പഞ്ചായത്ത്. ദേശീയ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ 14.01.1937-ല്‍ മഹാത്മാഗാന്ധി ഈ ഗ്രാമപ്രദേശം സന്ദര്‍ശിക്കുകയും ഊരുട്ടുകാലയില്‍ നടന്ന വമ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ”നെയ്യാറ്റിന്‍കര വെടിവെയ്പി”ല്‍ ധീരരക്തസാക്ഷിത്വം വരിച്ച വീര രാഘവന്റെ കര്‍മ്മമണ്ഡലം ഈ പ്രദേശമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനും, രാജവാഴ്ചയ്ക്കും അഴിമതിയ്ക്കുമെതിരെ തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജനിച്ചത് അതിയന്നൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡിലെ കുടില്ലാമേലേ വീട്ടിലാണ്. ഈ പഞ്ചായത്തില്‍ നിരവധി ഗ്രന്ഥശാലകളും ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വെണ്‍പകല്‍ പ്രീ-പ്രൈമറി സ്കൂള്‍, അവണാകുഴി ഗവണ്‍മെന്റ് എല്‍.പി.എസ് എന്നിവയാണ് ആദ്യത്തെ വിദ്യാലയങ്ങള്‍.